പഴയങ്ങാടി: വിദേശത്തുനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ റോഡരികിലെ കലുങ്കിൽ ഇടിച്ച് തകർന്ന് പ്രവാസിയായ ചെറുവത്തൂർ സ്വദേശി മരിച്ചു.
പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരിക്ക് സമീപത്തായിരുന്നു അപകടം. ചെറുവത്തൂർ സ്വദേശിയായ ടി.വി. അബ്ദുറഹ്മാൻ (65) ആണ് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഗൾഫിൽ നിന്നു കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങി കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം.
ഡ്രൈവർക്കും കൂടെയുണ്ടായിരുന്നമറ്റുള്ളവർക്കും നിസാര പരിക്കേറ്റു. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.